ഡൽഹി: റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. മുംബൈ,ദില്ലി, ബെംഗലൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വിൽപ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താനാകും
ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപ്പിയുടെ പ്രഖ്യാപനത്തിന് വഴിവെച്ചത്. എന്നാൽ ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവർത്തനമോ അല്ല ഇ റുപ്പിയിലേത്. അച്ചടിച്ച നോട്ടുകൾക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റൽ കറൻസിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കിൽ പറയാം. പൊതുവേ ഡിജിറ്റൽ കറൻസി എന്നു പറയുമ്പോഴും ഇവിടെ ഇ റുപ്പിക്ക് ഒരു വ്യത്യാസമുണ്ട്. അത് ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകൾക്കല്ല നേരിട്ട് റിസർവ്ബാങ്കിനാണ് ആണ് എന്നതാണ്. ഇന്ന് മുതൽ ഇ റുപ്പി സാധാരണ ഇടപാടുകാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂർണതോതിൽ നടപ്പാക്കൂ എന്നാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തിൽ കൊച്ചി ഉൾപ്പെടെയുള്ള 9 നഗരങ്ങളിൽ ഇ റുപ്പി കൊണ്ടു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട് . ബാക്കിയുള്ള ബാങ്കുകളെ വരുന്ന ഓരോ ഘട്ടത്തിലും സഹകരിപ്പിക്കും. ഇപ്പോൾ പുറത്തിറക്കുന്ന നോട്ടുകളുടെയും കോയിനുകളുടെയും അതേ സംഖ്യകളിൽ തന്നെയാണ് ഇ റുപ്പിയും ഉണ്ടാവുക. ഇടനിലക്കാരായ ബാങ്കുകളിലൂടെ ഇ റുപ്പി ഉപയോക്താക്കൾക്ക് കിട്ടും. ഡിജിറ്റൽ വാലറ്റിലൂടെ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇ റുപിയിലൂടെ ഇടപാടുകൾ നടത്താം. ആളുകൾ തമ്മിൽ കൈമാറാം. കച്ചവടസ്ഥലങ്ങളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങിക്കാം. റേഷൻ കടകളിലും മറ്റ് സർക്കാരിൻറെ ക്ഷേമപദ്ധതികളിലുമെല്ലാം ഇ റുപ്പി ഉപയോഗിച്ച് ഇടപാട് നടത്താനാകും. അച്ചടിക്കാനുള്ള ചെലവ് വേണ്ടാ സൂക്ഷിക്കാൻ എളുപ്പാമാകും എന്നീ ഗുണങ്ങൾക്കൊപ്പം ക്ഷേമപദ്ധതികൾ സുതാര്യമായി ഉപഭോഗ്താക്കൾക്ക് എത്തിക്കാനും കഴിയുമെന്നാണ് റിസവർവ് ബാങ്ക് വാഗ്ദാനം. ഇപ്പോഴുള്ള പരീക്ഷണ ഘട്ടം വിശദമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും അടുത്ത ഘട്ടങ്ങൾ റിസർവ്ബാങ്ക് പ്രഖ്യാപിക്കുക.