ന്യൂഡല്‍ഹി: മോദിയുടെ സ്വപ്നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കശ്മീര്‍ കൊലപാതകങ്ങളെ അനുകൂലിച്ച് സന്ദേശം.
ദേശീയതയുടെ ഉന്നതിയില്‍ എന്ന അടിക്കുറിപ്പോടെയുള്ള കവിതയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഡിജിറ്റല്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വെടിയുണ്ടകള്‍ ആരംഭിച്ചുകഴിഞ്ഞു, ഇനി മുന്നറിയിപ്പ് തന്നിരുന്നില്ലെന്ന് പറയരുത്. എല്ലാ ദിവസവും രാവിലെ നിങ്ങള്‍ വന്ദേമാതരം ചൊല്ലണം- കവിതയുടെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു. സൈന്യമേ, നിങ്ങള്‍ക്കാവശ്യമുള്ളപോലെ അവരെ പ്രഹരിക്കുക, അവരുടെ എല്ലുകള്‍ തകര്‍ക്കുക.
മെഹബൂബ പൊലീസിനെ വിളിക്കുകയാണെങ്കില്‍ മോദി കൈകാര്യം ചെയ്തുകൊള്ളും- കവിതയുടെ മറ്റൊരു ഭാഗത്ത് ഇങ്ങനെയും പറയുന്നു.
ആം ആദ്മി പാര്‍ട്ടി നോതവ് അങ്കിത് ലാലാണ് കവിതയ്‌ക്കെതിരേ ആദ്യമായി രംഗത്തെത്തിയത്. ട്വീറ്റ് വിവാദമായതോടെ മാപ്പപേക്ഷയുമായി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവനയിറക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ ട്വീറ്റ് ഐടി മന്ത്രാലയത്തിന്റെയോ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടേയോ കാഴ്ചപ്പാടുകളല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നാലെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.