മുംബൈ: ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്.
ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്നാണ് ആര്‍ ബി ഐ അറിയിച്ചിരിക്കുന്നത്.
വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി.
തട്ടിപ്പു നടന്നു നാലു ദിവസം കഴിഞ്ഞാണ് വിവരം ബാങ്കില്‍ അറിയിക്കുന്നതെങ്കില്‍ ബാങ്കിനും ഇടപാടുകാരനും ബാധ്യത ഉണ്ടാകും. ഇതില്‍ ഇടപാടുകാരന്റെ ബാധ്യത 25,000ത്തില്‍ കൂടില്ല.
ഒരാഴ്ച്ച കഴിഞ്ഞാണ് ബാങ്കിനെ വിവരമറിയിക്കുന്നതെങ്കില്‍ ബാങ്കിന്റെ നയമനുസരിച്ച് ബാധ്യത നിര്‍ണയിക്കാം.
ഇടപാടുകാരന്‍ അശ്രദ്ധ മൂലമോ പാസ് വേര്‍ഡ് കൈമാറ്റം ചെയ്യുന്നത് മുഖേനയോ പണം നഷ്ടമായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടപാടുകാരന് മാത്രമായിരിക്കും.
എന്നാല്‍, വിവരം ബാങ്കിനെ അറിയിച്ച ശേഷവും പണം നഷ്ടമായാല്‍ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്കിനായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഇടപാടുകാരന് ബാധ്യതയില്ലാത്ത തട്ടിപ്പാണ് നടന്നതെങ്കില്‍ നഷ്ടമായ തുക പത്തു ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.