ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ഭീം യു പിഐ, റുപേ കാര്‍ഡ് എന്നീ മാര്‍ഗ്ഗങ്ങളീലൂടെ പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊത്തം ജി എസ് ടി തുകയുടെ 20 ശതമാനം കാഷ്ബാക്ക് ഓഫര്‍ നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.
പരമാവധി 100 രൂപയാണ് ഇത്തരത്തില്‍ കാഷ് ബാക്ക് ഓഫറായി ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ജി എസ് ടി കൗണ്‍സില്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് എങ്ങനെയായിരിക്കണമെന്നത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളെ ആശ്രയിച്ചാണെന്നും ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി.
ഭീം യുപിഐ, റുപേ കാര്‍ഡ് ഇടപാടുകളുടെ ജി എസ് ടിയില്‍ 20 ശതമാനം ഉപയോക്താവിന് തിരിച്ചു നല്‍കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ നടത്തുന്നതിനും ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനും കുറച്ച് സമയമെടുക്കും. പരീക്ഷണ ഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ജി എസ് ടി വരുമാനത്തില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്താനാകുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.