താൻ കനയ്യകുമാറിന്റെ ആരാധകനെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി !

Digvijaya Singh

ഭോപ്പാല്‍: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ കനയ്യകുമാറിനോട് തനിക്ക് ആരാധനയായിരുന്നെന്ന് ദിഗ്വിജയ് സിങ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ്വിജയ് സിങ്ങിനുവേണ്ടി സിപിഐയുടെ ബെഗുസരായ് സ്ഥാനാര്‍ഥി കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

മേയ് 8, 9 തീയതികളില്‍ കനയ്യകുമാര്‍ ഭോപ്പാലില്‍ എത്തും. ബേഗുസരായില്‍ കനയ്യകുമാറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ആര്‍ജെഡിയുടെ നടപടി അബദ്ധമാണെന്ന് അവരോടു പറഞ്ഞിരുന്നതായും ദിഗ്വിജയ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. കനയ്യകുമാര്‍ തന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന നേതാവാണ്. അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുന്നു.

ഇടതു കക്ഷികളുമായി വേര്‍പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎയുടെ കാലത്ത് സാമൂഹ്യ, സാമ്പത്തിക നയങ്ങളിലുണ്ടായിരുന്ന നിയന്ത്രണം രണ്ടാം യുപിഎയുടെ കാലത്ത് നഷ്ടപ്പെട്ടു. അതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനെതിരെയാണ് ബെഗുസരായില്‍ കനയ്യകുമാര്‍ മത്സരിക്കുന്നത്. ഭോപ്പാലില്‍ ബിജെപി നേതാവും മാലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ ആണ് ദിഗ്വിജയ് സിങ്ങിന്റെ എതിരാളി.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലില്‍ ദിഗ്വിജയ് സിങ്ങിന്റെ എതിരാളി. അതുകൊണ്ടുതന്നെ കനയ്യകുമാറിന്റെ സാന്നിധ്യത്തിലൂടെ യുവാക്കളുടെ വോട്ടുകള്‍ കൂടുതലായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യകുമാര്‍ മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട ആര്‍ജെഡി സിപിഐയെ കൂടെകൂട്ടാന്‍ തയാറായില്ല.കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്, ആര്‍ജെഡി നേതാവ് തന്‍വീര്‍ സിങ് എന്നിവരാണ് കനയ്യയുടെ എതിരാളികള്‍.

Top