ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
നിതിന്‍ ഗഡ്കരിയുടെ എം.എല്‍.എ ഷോപ്പിങ്ങിലൂടെയാണ് ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട ദിഗ്‌വിജയ് സിങ്ങിനെ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിനു മറുപടിയായാണ് വന്‍തോതില്‍ എംഎല്‍എമാരെ വിലകൊടുത്തു വാങ്ങിയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയതെന്ന് ദിഗ്‌വിജയ് സിങ് പരിഹസിച്ചത്. മാര്‍ച്ച് 12ന് ഗോവയിലെ ഹോട്ടലില്‍ നടന്നത് വലിയ ‘എം.എല്‍.എ ഷോപ്പിങ്’ ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അധികാരമോഹത്തോട് തോന്നുന്നത് പരിഹാസമാണ്. നിങ്ങള്‍ ഗോവയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. അവരോട് നിങ്ങള്‍ ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനവിധിയെ അട്ടിമറിച്ചിരിക്കുകയാണെന്നും ദിഗ്‌വിജയ് സിങ് ആരോപിച്ചു.
പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയില്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്ത പരീക്കര്‍, കഴിഞ്ഞ ദിവസം രാജ്യസഭയിലെത്തി രാജ്യസഭാംഗങ്ങളോട് നന്ദി അറിയിച്ചിരുന്നു. ഗോവയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവ് ദിഗ്‌വിജയ് സിങ്ങിനോട് പ്രത്യേകം നന്ദിപറയുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഇതിനെതിരെ രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.