നടന്‍ ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹര്‍ജിയാണ് പ്രത്യേക വിചാരണ കോടതി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒരു വര്‍ഷം മുന്‍പ് നല്‍കിയ ഹര്‍ജിയാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍ അടക്കമുള്ളവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു എന്നായിരുന്നു പ്രോസുക്യൂഷന്‍ വാദം. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവില്ലെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. പരാതി ക്രൈംബ്രാ‌ഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർ‍ജി തള്ളണമെന്നും ദിലീപ് വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് നടപടി.

സമാന്തരമായ വിചാരണ തുടരുന്നുണ്ട്. കേസ് അട്ടിമറിയ്ക്കാന്‍ ഗൂഢാലോചന നടന്നു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ആരും ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ല.

Top