ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചുവെന്നും, പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു, ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങള്‍ പ്രതിസന്ധിയിലായി, അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍, മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Top