വെള്ളിത്തിരയിലും മുഖാമുഖം അംഗം കുറിക്കുവാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ദിലീപും മഞ്ജു വാര്യരും.
മഞ്ജു വാര്യര്‍ കേന്ദ്രകഥപാത്രമാകുന്ന ‘ഉദാഹരണം സുജാത’യും ദിലീപിന്റെ ‘രാമലീല’യും ഒരേ ദിവസം തിയേറ്ററുകളിലെത്തും.
രണ്ടുപേരും തുല്യപ്രാധാന്യത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് ഇതുവരെ റിലീസിങ്ങിന് എത്തിയിട്ടില്ല.
ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. പ്രവീണ്‍ സി ജോസഫ് സുജാതയും അരുണ്‍ ഗോപി രാമലീലയും ഒരുക്കിയിരിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സെപ്തംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക.
സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.
കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം.