കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി. തെളിവുനശിപ്പിക്കല്‍ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ദിലീപിനെയും ശരത്തിനെയും കുറ്റപത്രം വായിച്ചുകേള്‍ക്കിപ്പിക്കുന്നതിനാണ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു. തെളിവു മറച്ചുവെച്ചുവെന്നതാണ് ശരത്തിനെതിരെയുള്ള കേസ്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനുശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. നവംബര്‍ പത്തോടുകൂടെയായിരിക്കും വിചാരണ ആരംഭിക്കുക.
അഡീഷണല്‍ കുറ്റപത്രമാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മറ്റൊരു എഫ്.ഐ.ആറും നിലനില്‍കുന്നുണ്ട്. എന്നാല്‍ ഈ കേസ് ഇന്ന് കോടതിയുടെ പരിഗണനയിലുള്ളതല്ല.