ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; വാദം ആരംഭിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം ആരംഭിച്ചു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഇന്ത്യന്‍ ശിക്ഷാനിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു.

ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഇടപെടാന്‍ ശ്രമിച്ചു. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം മൗനമായി കേട്ടിരുന്നയാളാണ് താനെന്നും ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ഡിജിപി നിലപാടെടുത്തു.

നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷന്‍.

 

Top