ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേര്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാന്‍ അനുമതി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇത് നിരാകരിച്ച കോടതി, പ്രതികളെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്ന വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു.

അന്വേഷണസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാവും ആദ്യ ദിവസത്തെ ചോദ്യംചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.

Top