കൊച്ചി; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിന്റെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി. ഹൈക്കോടതി ഉത്തരവിട്ട മുന്‍കൂര്‍ ജാമ്യത്തിന്റെ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനായി മറ്റ് പ്രതികള്‍ക്കൊപ്പമാണ് ദിലീപ് എത്തിയത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബൈജു ചെങ്ങമനാട് എന്നിവരാണ് ജാമ്യ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാനായി എത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് എന്നിവയാണ് വ്യവസ്ഥകള്‍.
അതേസമയം, ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ കോടതിയില്‍ ഹാജരാക്കി. ഇന്നലെ ശേഖരിച്ച ശബ്ദ സാമ്പിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കോടതിയാണ് സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കുക. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ആവശ്യമെങ്കില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും.