കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തിരികെ ജയിലിലേക്ക് പ്രവേശിച്ചു.
അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്‌ട്രേട്ട് കോടതി ഇന്ന് അനുവദിച്ചിരുന്നത്.
കോടതി അനുവദിച്ച സമയത്തിന് മിനിറ്റുകള്‍ മുമ്പ് തന്നെ ദിലീപിനെ തിരിച്ച് ആലുവ സബ് ജയിലില്‍ എത്തിച്ചു.
പ്രതികള്‍ നശിപ്പിച്ചു കളഞ്ഞതായി കള്ളമൊഴി നല്‍കിയ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ദിലീപിനെ ജയിലിനു പുറത്തേക്കു വിടരുതെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുവാദം നല്‍കിയത്.
8 മണി മുതല്‍ 10 മണി വരെയാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സമയം അനുവദിച്ചത്. പൊലീസ് കാവലിലായിരുന്നു ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ദിലീപിന്റെ ആലുവയിലെ വീട്ടിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍.
2008ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം മൂത്തമകനായ ദിലീപ് എല്ലാ വര്‍ഷവും മുടങ്ങാതെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് എത്താറുണ്ടെന്നും ഇത്തവണയും അതിന് അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ശ്രാദ്ധദിനത്തില്‍ ദിലീപ് എത്തിയിട്ടില്ലെന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി അനുമതി നല്‍കിയത്. ചടങ്ങ് ആരംഭിക്കുന്ന 7 മണി മുതല്‍ 11 വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല് രാവിലെ 8 മുതല്‍ 10 വരെയാണ് കോടതി അനുവാദം നല്‍കിയത്.