കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.
ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നാരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യഹര്‍ജി തള്ളിയിരുന്നത്.
എന്നാല്‍ സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്‌തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ദിലീപിനെതിരേ കൂടുതല്‍ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയന്‍) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചിരുന്നു.