നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി വിധിക്കട്ടെ. അക്കാര്യത്തില്‍ അതിനു മുന്‍പ് പുറത്ത് ഒരു വിചാരണ നടത്തുന്നത് ഉചിതമായ കാര്യമല്ല.
കുറ്റക്കാരന്‍ ദിലീപ് ആയാലും ഏത് വമ്പന്‍ ആയാലും ശിക്ഷിക്കപ്പെടണം എന്നാല്‍ നിരപരാധിയാണെങ്കില്‍ കടന്നാക്രമിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്നു മാത്രമല്ല നാളെ മറുപടിയും പറയേണ്ടി വരും.
ചാരക്കേസില്‍ നമ്പി നാരായണനെ കുറ്റക്കാരനാക്കി ജനകീയ വിചാരണ നടത്തിയ നാടാണ് നമ്മുടേത്. ചരിത്രം ആവര്‍ത്തിക്കരുത് എന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ കുറ്റം ദിലീപ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിനും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസിലെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എന്തൊക്കെ നാടകങ്ങളാണ് അണിയറയില്‍ അരങ്ങേറിയിരിക്കുന്നത് എന്നത് സംബന്ധിച്ച കോടതിയുടെ അന്തിമ വിധി വരുമ്പോള്‍ മാത്രമേ വെളിവാകൂ. അല്ലങ്കില്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ അപ്പോള്‍ വ്യക്തമായേക്കും. ഹൈക്കോടതി നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. അതുവരെ എന്തായാലും കാത്തിരുന്നേ പറ്റൂ.
ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതികരണം സംബന്ധിച്ചാണ്. ഒടിയന്‍ സിനിമക്ക് നേരെ നടന്ന ആക്രമണം പോലെ മറ്റൊരു സിനിമക്ക് നേരെയും ഇതുവരെ അക്രമണം ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
ഇത് ഒരിക്കലും വസ്തുതക്ക് നിരക്കുന്ന ആരോപണമല്ല. ഇവര്‍ പറയുന്നതു പോലെ സംഘടിത ആക്രമണം കൊണ്ട് ഒരു സിനിമ പരാജയപ്പെടുകയോ പ്രതിസന്ധിയിലാവുകയോ ചെയ്യുമായിരുന്നെങ്കില്‍ അത് ആദ്യം രാമലീല ആവണമായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന നായകന്റെ സിനിമയാണ് വിജയിപ്പിക്കാന്‍ മലയാളികള്‍ മുന്നിട്ടിറങ്ങിയത്. സിനിമയെ സിനിമയായി കാണുന്ന മലയാളികളുടെ മനസ്സ് മാത്രമല്ല, ഏകപക്ഷീയമായി വിചാരണ കോടതി തീര്‍പ്പു വരും മുന്‍പ് വേട്ടയാടുന്നതിലുള്ള പ്രതിഷേധവും കൊണ്ടു കൂടിയായിരുന്നു രാമലീലയുടെ വമ്പന്‍ ജയം.
കേരളത്തിലെ സകല മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒറ്റക്കെട്ടായാണ് ദിലീപിനെതിരെ ഈ കേസില്‍ നിലപാട് എടുത്തത്. അന്തി ചര്‍ച്ചകള്‍ക്കായി ചാനല്‍ സ്റ്റുഡിയോയില്‍ എത്തിയവരും പ്രതിസ്ഥാനത്ത് നിന്ന നടനെ വലിച്ച് ചിന്തി ഭിത്തിയിലൊട്ടിക്കുന്നത് രാമലീല സിനിമ റിലീസായ സമയത്തും തുടര്‍ന്നിരുന്നു എന്നതും ഓര്‍ക്കണം.
ജയിലില്‍ കിടന്ന ദിലീപ് നായകനായ രാമലീലക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടെങ്കില്‍ മലയാളത്തിന്റെ മഹാനടന്‍ നായകനായ ഒടിയന് അതിനുള്ള കരുത്തില്ലെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.
എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും സിനിമ നല്ലതാണെങ്കില്‍ അത് ഓടും. മോഹന്‍ലാല്‍ നായകനായാലും മഞ്ജു വാര്യര്‍ നായിക ആയാലും ശ്രീകുമാര്‍മേനോന്‍ സംവിധായകനായാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആരും കാണുകയും ഇല്ല.
ഏത് സിനിമ ഇഷ്ടപ്പെടണം ഇഷ്ടപ്പെടേണ്ടതില്ല, എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.
ഒടിയനെ പോലെ ഇത്രയും വലിയ ബിഗ് ബഡ്ജറ്റ് സിനിമയില്‍ നായികയായി അഭിനയിക്കുന്ന മഞ്ജു വാര്യര്‍ വനിതാ മതില്‍ പ്രശ്‌നത്തില്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത് സിനിമയുടെ വിജയത്തെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വിമര്‍ശനം ഉന്നയിക്കുന്നവര്‍ മറുപടി പറയണം.
ഒടിയന്‍ സിനിമക്കു നേരെ സംഘടിത ആക്രമണമുണ്ട് എന്ന് പറയുമ്പോഴും നിര്‍മ്മാതാവ് പുറത്തു വിട്ട കണക്കില്‍ സിനിമ വലിയ വിജയമാണെന്നാണ് അവകാശപ്പെടുന്നത് എന്ന കാര്യവും ഓര്‍ക്കണം. രാമലീല സൈബര്‍ – മാധ്യമ പ്രചരണങ്ങളെ അതിജീവിച്ചതു പോലെ ഒടിയനും അതിജീവിക്കാന്‍ കഴിയണം എന്നു തന്നെയാണ് സിനിമയെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
മറ്റൊരു മലയാള സിനിമക്കും അവകാശപ്പെടാന്‍ കഴിയാത്ത അത്രയും വലിയ ബിസിനസ്സ് സാധ്യതകളാണ് മലയാള സിനിമക്കു മുന്നില്‍ ഒടിയന്‍ തുറന്നു തന്നിരിക്കുന്നത്. അതൊരു യാഥാര്‍ഥ്യവുമാണ്.