വധഗൂഢാലോചന കേസ്; ദിലീപിന് മുന്‍കൂര്‍ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

കോടതി നിര്‍ദേശം ഉണ്ടായിട്ടുപോലും ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ്, മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടു പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതു തെറ്റാണെന്നും ദിലീപ് 33 മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയമായതായും പ്രതിഭാഗം വാദിച്ചു.

ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു പാതിവെന്ത വസ്തുതകള്‍ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത്- ഉത്തരവില്‍ കോടതി പറഞ്ഞു.

അഞ്ചു വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി.

പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു.

 

Top