സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിക്കും. ഇതു സംബന്ധമായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആശയ വിനിമയം നടത്തി. ഉടന്‍ തന്നെ ഹര്‍ജി നല്‍കാനാണ് നീക്കം.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ കേസില്‍ കുടുക്കിയതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലഭിക്കണമെന്ന തന്റെ ആവശ്യം കോടതി തള്ളിയാല്‍ സി.ബി.ഐ ആവശ്യം പരിഗണിക്കുന്ന ബെഞ്ച് ഈ വീഡിയോ കാണണമെന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകന്‍ മുന്നോട്ട് വയ്ക്കും. സംഭാഷണം കേട്ടതില്‍ എഡിറ്റ് നടന്നിട്ടുണ്ടെന്ന് വ്യക്തമായതായാണ് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്.

ദിലീപ് അല്ല ഗൂഢാലോചനയില്‍ പങ്കാളിയെന്നും ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നതെന്നുമാണ് വാദം.

2017 ഫെബ്രുവരി 17ന് ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

സംഭവത്തെ തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടി മഞ്ജുവാര്യര്‍ ഉന്നയിച്ചതോടെയാണ് സംശയം ദിലീപിലേക്ക് തിരിഞ്ഞത്.

എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സന്ധ്യ മന: പൂര്‍വ്വം കുടുക്കിയതാണെന്നാണ് ദിലീപിന്റെ ആരോപണം.

നേരത്തെ ദിലീപിന്റെ ജാമ്യ ഹര്‍ജി പലവട്ടം തള്ളുകയും കടുത്ത നിരീക്ഷണം നടത്തുകയും ചെയ്ത ഹൈക്കോടതി ബെഞ്ചാണ് സി.ബി.ഐ അന്വേഷണ ആവശ്യവും ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇത് അപ്രതീക്ഷിതമല്ലെന്നും സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിലീപിന്റെ ബന്ധുക്കളും വ്യക്തമാക്കി.

Top