കൊച്ചി: നടന്‍ ദിലീപിനെ ആസൂത്രിതമായി കുടുക്കാന്‍ അണിയറയില്‍ അരങ്ങേറിയതാണ് വിവാദ കത്തെന്ന് വ്യക്തമായതോടെ ഗൂഢാലോചനയ്ക്ക് പള്‍സര്‍ സുനിക്കെതിരെ പൊലീസിന് കേസെടുക്കേണ്ടി വരും.
ജയില്‍ അധികൃതരും പള്‍സര്‍ സുനിക്കൊപ്പം ഭീഷണിപ്പെടുത്തിയെന്ന് കത്തെഴുതിയ വിപിന്‍ ലാല്‍ വ്യക്തമാക്കിയതിനാല്‍ ജയിലധികൃതരും കുരുക്കിലാകും.
ഈ മൊഴി കോടതിയിലും വിപിന്‍ ലാല്‍ ആവര്‍ത്തിച്ചാല്‍ പൊലീസ് കേസെടുത്തില്ലെങ്കിലും കോടതി നേരിട്ട് സുനിക്കും ജയിലധികൃതര്‍ക്കുമെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ജയിലിനുളളിലെ സിസിടിവി ദൃശ്യങ്ങള്‍ സമഗ്രമായി പരിശോധിക്കുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിപിന്‍ ലാലിന്റെ വെളിപ്പെടുത്തലോടെ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ദിലീപിന്റെ പരാതിക്ക് ശക്തമായ തെളിവാണ് ലഭിച്ചിരിക്കുന്നത്.
കത്തെഴുതിയ ആള്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പള്‍സര്‍ സുനി ജയിലില്‍ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നാദിര്‍ഷയെ വിളിച്ച് പ്രതി ഒന്നര കോടി ആവശ്യപ്പെട്ടപ്പോള്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി തരാന്‍ ആളുണ്ടെന്ന് പറഞ്ഞതും നടന്‍ പൃഥ്വിരാജ്, പൂര്‍ണ്ണിമ, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കുകയും ചെയ്തതിനാല്‍ ഇവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടതും അനിവാര്യമായിരിക്കുകയാണിപ്പോള്‍.
പള്‍സര്‍ സുനിക്ക് അനുകൂലമായാണ് സഹതടവുകാരന്‍ വിഷ്ണുവിന്റെ മൊഴിയെങ്കിലും കത്തെഴുതിയ വിപിന്‍ ലാലിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമാവുകയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം വിപിന്‍ ലാലിനെയും വിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചതിനാല്‍ യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.