കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് വിദേശത്തു പോകാന്‍ കോടതി അനുമതി. ഈ മാസം 20 മുതല്‍ 22വരെ ദോഹയില്‍ പോകുന്നതിനാണ് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍, കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണു ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു.
കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ദിലീപ് വിചാരണക്കോടതിയെയും സമീപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടുകിട്ടേണ്ടത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നു കാണിച്ചാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിനു നല്‍കരുതെന്നു പ്രോസിക്യൂഷന്‍ നിലപാടെടുക്കുകയായിരുന്നു.