നടിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി ദിലീപ്

dileep

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി നടന്‍ ദിലീപ്.

കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ ഖേദപ്രകടനം.

കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഞാന്‍ ഈ വിഷയത്തില്‍ മനോവിഷമം അനുഭവിച്ചുവരികയാണ്. ഇതിന്റെ പേരില്‍ പലരും എന്നെ വേട്ടയാടുകയാണ്. ഇക്കാര്യത്തില്‍ എനിക്ക് എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നു ദിലീപ് അഭ്യര്‍ഥിച്ചു.

ഈ സാഹചര്യത്തിലാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ അത്തരത്തിലൊരു പരാമര്‍ശം എന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍, അത് ബോധപൂര്‍വമായിരുന്നില്ല. എങ്കിലും അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

പള്‍സര്‍ സുനി ജയലില്‍ നിന്ന് അയച്ച കത്ത് പുറത്തുവന്നതിനെ തുര്‍ന്ന് നടന്ന ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ദിലീപിന്റെ വിവാദ പരാമര്‍ശം. നടിക്ക്, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയുമായി അടുത്ത സൗഹൃദമുണ്ടെന്നും അത് നടനും സംവിധായകനുമായ ലാലിന് അറിയാമെന്നുമായിരുന്നും ഇത്തരം സൗഹൃദങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നെന്നുമാണ് ദിലീപ് ചര്‍ച്ചയില്‍ പറഞ്ഞത്.

Top