കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നിര്‍ണായക നീക്കം.
നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല.