പള്‍സര്‍ സുനി പിണറായിയുടെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്ന് പി.സി.ജോര്‍ജ്

കോട്ടയം: നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എം.എല്‍.എ പി.സി ജോര്‍ജ്.

മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയതോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞതായും പി.സി. ജോര്‍ജ് പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും പി.സി. ചോദിച്ചു. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി. ജോര്‍ജ് അറിയിച്ചു.

നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.

തനിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലയെണ് ജോര്‍ജിന്റെ പ്രതികരണം.

ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി.സി. ആരോപിച്ചു.

വനിതാ കമ്മീഷനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പി. സി ജോര്‍ജ് നടത്തിയത്. വനിതാ കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Top