പൊലീസിനെ വെട്ടിലാക്കി ദിലീപിന്റെ നീക്കം, പൊളിച്ചടുക്കിയത് ഡി.ജി.പിയുടെ വാദങ്ങള്‍ !

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പലവട്ടം വിളിച്ചതിനുള്ള തെളിവ് പുറത്തായി.

മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവലാണ് സുപ്രധാന തെളിവുകള്‍ പുറത്തുവിട്ടത്.

അന്വേഷണസംഘം ആരോപിച്ചത് പോലെ ഇരുപതുദിവസം വൈകിയല്ല, ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ദീലീപിനെതിരെ 20 തെളിവുകള്‍ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീര്‍ഘമായ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് അറസ്റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ദിലീപ് ഡിജിപി ലോകനാഥ് ബെഹ്‌റക്ക് നല്‍കിയ പരാതിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ട കാര്യം അവര്‍ ദിലീപിനെ അറിയിക്കുന്നു. പിന്നീടുള്ള കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഉദ്ദേശ്യം 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും അത്രയും കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും വെളിവാകുന്നുണ്ട്’.

പ്രധാന തെളിവുകളിലൊന്നായി പൊലീസ് ഉന്നയിച്ച ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഡിജിപിയുമായുള്ള ഫോണ്‍ കോള്‍രേഖകള്‍.

ജയിലില്‍ കിടന്ന സുനില്‍ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികള്‍ നാദിര്‍ഷക്കും അപ്പുണ്ണിക്കും വന്നതിന് പിന്നാലെയെല്ലാം അവര്‍ ദിലീപിനെ വിവരം അറിയിക്കുകയും തൊട്ടുപിന്നാലെ ദിലീപ് ഡിജിപിയെ വിളിക്കുന്നതായും പുറത്ത് വന്ന രേഖ സാക്ഷ്യപ്പെടുത്തുന്നു.

ലോകനാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണ് ദിലീപ് തുടര്‍ച്ചയായി വിളിച്ചിരുന്നത്.

ആദ്യവിളി ഏപ്രില്‍ 10നാണ്. നാദിര്‍ഷയോടും അടുത്ത സുഹൃത്തായ നിര്‍മാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നത് അന്നായിരുന്നു.

പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും. ഈ ഫോണ്‍ വിളികള്‍ക്കൊപ്പം തന്നെ ഓരോ ദിവസവും പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെടുത്തത് ഡിജിപിയുടെ വാട്‌സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

അന്നത് പ്രതിഭാഗം വാദം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇതാദ്യമായി അതിനുള്ള തെളിവുകളും പുറത്തുവരികയാണ്. കാര്യങ്ങള്‍ ഇത്ര പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണസംഘം എന്തിനിത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നല്‍കിയ പരാതിയില്‍ പുതിയ സാഹചര്യത്തില്‍ നടപടി എടുക്കാതിരിക്കാന്‍ ഇനി സര്‍ക്കാരിന് കഴിയില്ല.

തീരുമാനം ഇനിയും അനന്തമായി നീളുകയാണെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.

അതേസമയം ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും ഡിജിപിക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നും എം.എല്‍.എ പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Top