ഒരു സംഘടനയിലേയും പദവി വേണ്ട ,ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ദിലീപ്‌

കൊച്ചി : തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ്.

നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് ഇതു സംബന്ധിച്ച കത്ത് നല്‍കി.

സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ചൊവ്വാഴ്ചയാണ് ദിലീപ് മോചിതനായത്. തുടര്‍ന്ന് ബുധനാഴ്ച ഫിയോക്ക് സ്ഥാനത്തേക്ക് വീണ്ടും പ്രസിഡന്‍റായി നിയമിച്ചിരുന്നു. ഇതാണ് ദിലീപ് തിരസ്കരിച്ചത്

കൊച്ചിയില്‍ നടന്ന സംഘടനയുടെ പ്രത്യേക യോഗമാണ് ദിലീപിനെ വീണ്ടും പ്രസിഡന്റാക്കിയത്. നിലവില്‍ പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിഞ്ഞ് വൈസ് പ്രസിഡന്റായി തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്ത് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവത്കരിച്ചത്.

എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു.

Top