വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനെന്ന് ദിലീപ് !

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ  അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടൻ ദിലീപ് രംഗത്ത്. വിചാരണ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ സംവിധായകൻ ബാലചന്ദ്രന്റെ ആരോപണവും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിന്റെ ഇടപെടലും അന്വേഷിക്കണമെന്നതാണ് ആവശ്യം. ഇതു സംബന്ധമായി സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ഇൻ്റലിജൻസ് മേധാവി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, വിജിലൻസ് ഡയറക്ടർ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. ഈ വിചാരണയിൽ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ആരോപണം.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ബാലചന്ദ്രനെ കൊണ്ട് പരാതി നൽകിച്ചതും, തുടർന്ന് തുടരന്വേഷണത്തിനായി ആ പരാതി വാങ്ങിച്ച് വിചാരണ നീട്ടിവയ്പ്പിക്കാനാണ് ബൈജു പൗലോസ് ശ്രമിക്കുന്നതത്രെ. തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നിരിക്കെ, ബൈജു പൗലോസിന്റെ പെട്ടന്നുള്ള ഈ ഇടപെടലിലും ദിലീപ് ദുരൂഹത കാണുന്നുണ്ട്‌.

ഇതു സംബന്ധമായ കള്ളക്കളി പുറത്താകാൻ ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ കാൾ വിശദാംശവും വാട്സ് ആപ്പും പരിശോധിക്കണമെന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം. തനിക്കെതിരായ ഏത് പരാതിയിലും അന്വേഷണം നടത്താമെന്നും എന്നാൽ അതിന് ബൈജു പൗലോസിനെ നിയോഗിക്കരുത് എന്നുമാണ് ദിലീപ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോൾ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ ബൈജു പൗലോസിനൊപ്പം മറ്റു ചില ഉദ്യോഗസ്ഥരും തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഈ പരാതിയിൽ സത്യസന്ധമായ അന്വേഷണം വന്നാൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പുറത്തു വരുമെന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം. ബാലചന്ദ്രൻ്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപകീർത്തികരമായ വാർത്തകൾ നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും ദിലീപ് നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് നിലീപ് പരാതി നൽകിയതിന് പിന്നാലെയാണ് നടി ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യമെന്നാണ് സൂചന.

Top