ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പിനായാണ് ഹര്‍ജി നല്‍കിയത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് ദിലീപ് പറഞ്ഞു.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18ലേക്ക് മാറ്റിവെച്ചിരുന്നു.
കുറ്റപത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന എല്ലാ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപ് ഉന്നയിക്കുന്ന ആവശ്യം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.