ദിലീപിനു ജയിലില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തി, കുടുംബത്തിനും പ്രമുഖര്‍ക്കും മാത്രം അനുമതി

dileep-1

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു സന്ദര്‍ശക വിലക്കേര്‍പ്പെടുത്തി.

സിനിമാക്കാരുടെ കൂട്ടസന്ദര്‍ശനത്തെ തുടര്‍ന്നാണു നിയന്ത്രണം. കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കു മാത്രമായാണ് സന്ദര്‍ശനാനുമതി ചുരുക്കിയതെന്നും ഇന്ന് എട്ടുപേര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതായും ജയില്‍ അധികൃതര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ മറികടന്ന് ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ കേസ് അന്വേഷിക്കുന്ന സംഘം പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിലും തുടര്‍ന്നും നിരവധി പേര്‍ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത് ജൂലൈ 10നാണ്. പിന്നീട് റിമാന്‍ഡിലായി 50 ദിവസം ദിലീപ് ജയിലില്‍ പിന്നിട്ടു. ഇതിനിടെ, മൂന്നുവട്ടം ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ കാലയളവില്‍ സിനിമാ മേഖലയിലുള്ള പ്രമുഖരാരും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല.

എന്നാല്‍ അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി കൊടുത്തതിനു പിന്നാലെ സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ അച്ഛന്‍ എന്നിവര്‍ ഒരുമിച്ചെത്തി ദിലീപിനെ കണ്ടു. ഇതിനുശേഷമായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ കൂട്ട ജയില്‍ സന്ദര്‍ശനം.

Top