തിരുവനന്തപുരം: ആരോഗ്യവൈകല്യമുള്ള ആരാധികയെ കാണാന്‍ ഒടുവില്‍ പ്രിയതാരം എത്തുന്നു.
ഓട്ടിസം അസുഖബാധിതയായി പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുമി രാജുവിനെ കാണാനാണ് നടന്‍ ദിലീപ് എത്തുന്നത്. മറ്റാരേക്കാളും കൂടുതല്‍ ദിലീപിനെ ഇഷ്ടപ്പെടുന്ന സുമിക്ക് ദിലീപിന്റെ സാന്നിധ്യം അസുഖം ഭേദമാക്കുന്നതിന് സഹായകരമാകുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പുറമേ ആശുപത്രി ഒന്നാകെ ഈ അപൂര്‍വ്വ സംഗമത്തിന് കാത്തിരിക്കുകയാണ്.
അനിയത്തിക്കുട്ടിക്ക് വേണ്ടി എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന നിലപാടിലാണ് നടന്‍ ദിലീപ്.
സുമിയോടും അവളുടെ മാതാപിതാക്കളോടും ഫോണിലൂടെ സംസാരിച്ചിരുന്നു. അവള്‍ തന്നെ സ്‌നേഹിക്കുന്നതിന്റെ പതിമടങ്ങ് തിരികെ നല്‍കുമെന്നും ദിലീപ് വ്യക്തമാക്കി.
തന്റെ ചോദ്യങ്ങള്‍ക്ക് വളരെ സന്തോഷത്തോടെയാണ് സുമി മറുപടി നല്‍കിയത്. ദിലീപേ എന്ന് സ്‌നേഹത്തോടെയാണ് അവള്‍ തന്നെ വിളിച്ചതെന്നും താരം വെളിപ്പെടുത്തി.
അടൂര്‍ നെടുമണ്‍ സ്വദേശി രാജുവിന്റെയും മിനി രാജുവിന്റെയും മൂത്തമകളാണ് സുമി. തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് സുമി. ആറുമാസം പ്രായമുള്ളപ്പോഴാണ് സുമി ഓട്ടിസം ബാധിതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചികിത്സ തുടരുകയാണ്.
വ്യത്യസ്തമായ ഒരു താരാരാധനയാണ് സുമി മനസില്‍ സൂക്ഷിക്കുന്നത്. കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലം മുതല്‍ മനസില്‍ ഇഷ്ടം സൂക്ഷിക്കുന്നത് ദിലീപിനോട് മാത്രമാണ്. മാത്രമല്ല, ദിലീപിന് പതിനാറുകാരിയായ സുമി മനസില്‍ നല്‍കുന്നത് ജ്യേഷ്ഠന്റെ സ്ഥാനവുമാണ്. ദിലീപിന്റെ ഒരു ഫോട്ടോ എപ്പോഴും സുമിയുടെ കൈയ്യിലുണ്ടാകും. ദിലീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ സുമി സന്തോഷവതിയാകുമെന്ന് അമ്മ മിനി പറയുന്നു. ഓട്ടിസം ബാധിച്ച മകള്‍ക്ക് ദിലീപിന്റെ സാന്നിധ്യംകൊണ്ട് അസുഖത്തില്‍ മാറ്റമുണ്ടായേക്കും എന്ന് ഡോക്ടര്‍മാരും പറയുന്നു.
ഊണിലും ഉറക്കത്തിലും പ്രിയതാരമായ ദിലീപിനെ കാണുന്നതിന്റെ ആഹ്ലാദത്തിലാണ് സുമി ഇപ്പോള്‍.