കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ സംഘടനകള്‍ കൈവിട്ടു. ദിലീപിനെ ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി.
സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഇത്തരത്തില്‍ ക്രൂരകൃത്യം നടത്തിയ ദിലീപിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിനിമ സംഘടനകള്‍ കൈക്കൊള്ളുന്നത്.
അതേസമയം ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ താരസംഘടന അമ്മയുടെ യോഗം പുരോഗമിക്കുകയാണ്. കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം നടക്കുന്നത്. മമ്മൂട്ടിയെ കൂടാതെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇടവേളബാബു തുടങ്ങിയ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കുന്നു.സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.
അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ഇന്ന് തന്നെ അമ്മയുടെ യോഗം ചേര്‍ന്ന് ദിലീപിനെതിരെ നടപടി പ്രഖ്യാപിച്ചേക്കും. നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കേസിലെ ഗൂഢാലോചനകുറ്റവുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെ താരത്തെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നിലപാടില്‍ അമ്മ എത്തുമെന്നാണ് വ്യക്തമാകുന്നത്.