കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.
ട്രഷറര്‍ സ്ഥാനം അടക്കം ദിലീപ് വഹിക്കുന്ന എല്ലാ സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്നും അമ്മ ഭാരവാഹികള്‍ പ്രത്രക്കുറിപ്പില്‍ പറഞ്ഞു. എല്ലാ നിയമസഹായവുമായി അവര്‍ക്കൊപ്പം സംഘടന നിലകൊള്ളുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം നടന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇടവേളബാബു തുടങ്ങിയ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.
ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.
സഹപ്രവര്‍ത്തകയ്‌ക്കെതിരെ ഇത്തരത്തില്‍ ക്രൂരകൃത്യം നടത്തിയ ദിലീപിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സിനിമ സംഘടനകള്‍ കൈക്കൊള്ളുന്നത്.
നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.