സംഘടനാ നിയമം അറിയാത്ത നടിമാര്‍ , ലക്ഷ്യം ഒറ്റപ്പെട്ടതിന്റെ അരിശം തീര്‍ക്കല്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തു വന്നതിനെ തുടര്‍ന്ന് സിനിമാ രംഗത്ത് ഒറ്റപ്പെട്ട വുമന്‍ ഇന്‍ സിനിമ കളക്ടീവിന് ഹിഡന്‍ അജണ്ട ?

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തിയ ദിലീപിനെ താര സംഘടന ‘അമ്മയില്‍’ നിന്നും പുറത്താക്കണമെന്നതാണ് വനിതാ സിനിമാസംഘടനയുടെ പ്രധാന ആവശ്യം.

ഇക്കാര്യം മുന്‍ നിര്‍ത്തി അമ്മക്ക് നല്‍കിയ കത്തില്‍ നടപടി ഉണ്ടാകാത്തതാണ് നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെ ചൊടിപ്പിച്ചിരിക്കുന്നത്.

നടിമാരുടെ കത്ത് മുന്‍പ് അവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത അമ്മ എക്‌സിക്യൂട്ടീവ് നിയമോപദേശം തേടിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത ജനറല്‍ ബോഡിയ്ക്ക് മാത്രമേ മറിച്ചൊരു തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്ന മറുപടിയാണ് അമ്മക്ക് നിയമ വിദഗ്ധര്‍ നല്‍കിയത്.

സാധാരണ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചേരുന്ന ജനറല്‍ ബോഡി നേരത്തെ വിളിച്ചു ചേര്‍ക്കുന്ന കാര്യത്തില്‍ സംഘടനയിലെ ഭൂരിപക്ഷ താരങ്ങള്‍ക്കിടയിലും കടുത്ത എതിര്‍പ്പും ഉയര്‍ന്നിരുന്നു.

പലരും മറ്റ് ഷൂട്ടിങ്ങുകളില്‍ തിരക്കായതാണ് ജനറല്‍ ബോഡി പെട്ടന്ന് വിളിച്ചു ചേര്‍ക്കുന്നതിന് ഇപ്പോള്‍ തടസ്സമാകുന്നത്. എന്നാല്‍ ഈ സാങ്കേതിക കാരണങ്ങള്‍ ഒന്നും പരിഗണിക്കാതെ അമ്മ നേതൃത്വത്തിനെതിരെ ശക്തമായി മുന്നാട്ടു പോകുകയാണ് പ്രതിഷേധക്കാരായ നടിമാര്‍.

dileep

ദിലീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തും വരെ അദ്ദേഹത്തിനെതിരെ ഒരു നടപടിയും ആവശ്യമില്ലെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം താരങ്ങളും. അമ്മ ജനറല്‍ ബോഡി എപ്പോള്‍ വിളിച്ചു ചേര്‍ത്താലും ഈ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ പ്രതികാര നിലപാട് സംഘടനക്കെതിരെ ചില നടിമാര്‍ സ്വീകരിക്കുകയാണെന്നാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

സംഘടനക്കെതിരെ പരസ്യമായ അഭിപ്രായ പ്രകടനം ആര് നടത്തിയാലും എന്നും പടിക്ക് പുറത്തു തന്നെ ആയിരിക്കുമെന്ന് മുതിര്‍ന്ന താരങ്ങളും നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ബാഹ്യ ശക്തികളുടെ പ്രേരണ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉയര്‍ത്തുന്നു.

രണ്ട് സംവിധായകരും ഒരു നിര്‍മ്മാതാവുമാണ് ദിലീപ് വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ വീണ്ടും സജീവമായിരിക്കുന്നതെന്നാണ് ആക്ഷേപം. കടുത്ത വ്യക്തിവിരോധം തീര്‍ക്കാന്‍ ഈ സംഭവം ഉപയോഗപ്പെടുത്തുകയാണത്രെ.

dileep-1

ദിലീപിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജനറല്‍ ബോഡിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും, അത് വരെ കാത്തിരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളെ ചൊടിപ്പിച്ചത്.

അമ്മ സംഘടനയ്‌ക്കെതിരെ രംഗത്തു വന്ന നടിമാര്‍ പ്രസിഡന്റ് മോഹന്‍ലാലിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും ‘നടിമാര്‍’ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും രേവതി തുറന്നടിച്ചു. ദിലീപ് സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞു. കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും ആക്രമിക്കപ്പെട്ട നടിയ്ക്ക് നല്‍കിയില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആരോപിച്ചു.

അമ്മ സംഘടന സ്ത്രീകളുടെ അവസരങ്ങള്‍ തട്ടിമാറ്റുന്ന സംഘടനയായി മാറി. ആരോപിതനായ വ്യക്തിയെ സംരക്ഷിക്കുവാനാണ് സംഘടന ശ്രമിച്ചത്. ആക്രമിക്കപ്പെട്ടയാള്‍ സംഘടനയ്ക്കു പുറത്തായി. അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡബ്ല്യുസിസി ഭാരവാഹികള്‍ വ്യക്തമാക്കി.

അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അധികം താമസിയാതെ തന്നെ ഹൈക്കോടതിയുടെ പരിഗണിക്ക് വരുമെന്നാണ് സൂചന.

Top