കൊച്ചി: ‘എല്ലാ സത്യങ്ങളും’ അറിഞ്ഞാല്‍ ഇപ്പോള്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരുമെന്ന് നടന്‍ ദിലീപ്..! അടുത്ത സുഹൃത്തുക്കളോട് ഇത്തരമൊരു അഭിപ്രായപ്രകടനം ദിലീപ് നടത്തിയതായാണ് അറിയുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം ദുബായ്ക്ക് പോയ ദിലീപ് നാളെ തിരിച്ച് കേരളത്തിലെത്തും.
ഉചിതമായ സമയത്ത് വിമര്‍ശനങ്ങള്‍ക്ക് ദിലീപ് ‘ഉചിതമായി’ തന്നെ മറുപടി നല്‍കുമെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.
കേരളത്തിലുണ്ടായിരുന്ന മഞ്ജു എങ്ങിനെ മുംബൈയില്‍ നിന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നത് പരിശോധിച്ചാല്‍ തന്നെ ‘യാഥാര്‍ത്ഥ്യങ്ങള്‍’ മനസ്സിലാകുമെന്നാണ് അവരുടെ പ്രതികരണം.
ദിലീപുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശവുമില്ലാത്ത, ഫിഡല്‍ കാസ്‌ട്രോയെ സ്മരിക്കുന്ന ആ പോസ്റ്റിന് കീഴെ സംഘടിതമായി ദിലീപിനും കാവ്യക്കുമെതിരെ കമന്റുകള്‍ വന്നതും അത് പ്രചരിപ്പിച്ചതുമെല്ലാം ബോധപൂര്‍വ്വമാണ്.
മഞ്ജുവിനോട് എന്നും ദിലീപ് സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളുവെന്നും കുടുംബപ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനിടയിലേക്ക് വലിച്ചിഴച്ച് വിവാദമുണ്ടാക്കാന്‍ ദിലീപ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ചിലര്‍ ബോധപൂര്‍വ്വം ദിലീപിനെ വില്ലനാക്കാന്‍ ശ്രമിക്കുകയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകന്‍ തന്നെയാണ് ദിലീപെന്നാണ്
സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.
മകള്‍ മീനാക്ഷിയുടെ നിലപാട് മാത്രം നോക്കിയാല്‍ സാമാന്യ ബോധമുള്ളയാര്‍ക്കും കാര്യങ്ങള്‍ പിടികിട്ടും.ശത്രുവിനെ പോലും ദ്രോഹിക്കുന്ന മനസ്സില്ലാത്ത ദിലീപ് ഒരിക്കലും മീനാക്ഷിയുടെ അമ്മക്ക് നേരെ അരുതാത്തതായ ഒരു വാക്ക് പോലും പലതരം പ്രകോപനങ്ങള്‍ ഉണ്ടായിട്ടും നടത്തിയിട്ടില്ലെന്നതും സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു.
ദിലീപ്-കാവ്യ വിവാഹ ചടങ്ങിന് മകള്‍ മീനാക്ഷി ദിലീപിന്റെ അമ്മക്കൊപ്പം തിരി തെളിയിച്ചത് സമ്മര്‍ദ്ദപ്രകാരമാണെന്ന് വിമര്‍ശിക്കുന്നവര്‍ ഒരു വ്യക്തി എന്ന നിലയില്‍ മീനാക്ഷിക്കുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാനും അതിന് അനുസരിച്ച് പെരുമാറാനും സ്വന്തമായി തീരുമാനമെടുക്കാനുമുള്ള പ്രായവും പക്വതയും ആ കുട്ടിക്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ വിവാദം മന:പൂര്‍വ്വം ദിലീപിന്റെ കുടുംബത്തെ താറടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്. അത് എന്തിന് വേണ്ടി…? എന്നതിന്റെ ഉത്തരം താമസിയാതെ പൊതുസമൂഹത്തിന് ലഭിക്കുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.