ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് നടി കോടതിയിലെത്തിയത്. ഇരയുടെ സ്വകാര്യത ഹനിക്കുന്നത് ദിലീപിന്റെ ആവശ്യമാണെന്ന് കാണിച്ച് വിചാരണക്കോടതിയും ഹൈക്കോടതിയും നേരത്തെ ദിലീപിന്റെ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.