ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതി ഇന്ന് പരിഗണിക്കും.

ഇത് രണ്ടാം തവണയാണ് അങ്കമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. റിമാന്‍ഡ് കാലാവധി 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സോപാധിക ജാമ്യം നല്‍കണമെന്നാണ് ദീലീപിന്റെ ആവശ്യം.

നേരത്തെ അങ്കമാലി മജിസ്ട്രറ്റ് കോടതി ഒരുതവണയും ഹൈക്കോടതി രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണം മാത്രമാണ് ദിലീപിനെതിരെയുള്ളതെന്നാണ് അഭിഭാഷകരുടെ വാദം. മറ്റ് ആക്ഷേപങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും. ദിലീപ് പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ഉന്നയിക്കും. കൂടാതെ കേസില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കപ്പെടുന്ന നാദിര്‍ഷയെ ചോദ്യം ചെയ്യാനാകാത്ത കാര്യവും അന്വേഷണസംഘം കോടതിയെ ധരിപ്പിക്കും.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതായി പൊലീസ് ഡിജിപിയ്ക്ക് പരാതി നല്‍കി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തെ അറിയിച്ചു. ഇന്നലെ ഡിജിപിയെ സന്ദര്‍ശിച്ചാണ് അന്വേഷണസംഘം ഇക്കാര്യം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിശോധിച്ചപ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിരുന്നില്ലെന്നും അന്വേഷണസംഘം ഡിജിപിയെ ധരിപ്പിച്ചു.

Top