കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും.
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിയിരുന്നു. വ്യാഴാഴ്ച വാദം കേട്ട കോടതി വിധി പറയല്‍ മാറ്റുകയായിരുന്നു.
ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള നിരീക്ഷണം ഏറെ നേരത്തെയായിപ്പോയെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ജാമ്യം തള്ളിയത് സമാന മനസ്‌കര്‍ക്കര്‍ക്കും സമൂഹത്തിനുമുള്ള പാഠമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശത്തെയാണ് കോടതി വിമര്‍ശിച്ചത്.
മതിയായ തെളിവുകളില്ലാതെ കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു തന്നെ അറസ്റ്റു ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ഗൂഢാലോനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും താന്‍ പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണ് തനിക്കെതിരെ പൊലീസ് തിരിഞ്ഞത്.
നടിയെ ആക്രമിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ഇതുള്‍പ്പെടെ തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തതാണെന്നും ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തവും വ്യക്തവുമായി തെളിവുണ്ടെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
ദിലീപിനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാവുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.