ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പ്രോസിക്യൂഷന്റെ വാദം നാളെ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കേസിന്‍ ഇന്ന് പ്രതിഭാഗം വാദം പൂര്‍ത്തിയായി.

ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും.

വാദം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

ഒന്നരമണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

പൊലീസ് അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. ദിലീപിനെതിരായ കുറ്റങ്ങള്‍ എന്തെന്ന് അറിയുന്നില്ല. അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

കേസിലെ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായ അന്വേഷണം നടന്നില്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാനാണ് ശ്രമം. പള്‍സര്‍ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു.

പുതിയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. രണ്ട് തവണ ഹൈക്കോടതിയും രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മൂന്നാം ജാമ്യഹര്‍ജിയാണ് ഇത്.

Top