നടിയെ ആക്രമിച്ച കേസ് ; നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളുന്നു എന്ന ഒറ്റവാക്കിലായിരുന്നു വിധി പ്രസ്താവന.

ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

നടന്‍ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കൃത്യമായ തെളിവുകളുണ്ടെന്ന് കോടതി അറിയിച്ചു. പ്രതി പ്രമുഖ നടനാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി പറഞ്ഞു.

അപൂര്‍വമായ കേസുകളില്‍ ഒന്നാണിത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

കേസ് ഡയറി വിശദമായി വിലയിരുത്തിയതിനു ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

ദിലീപ് ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

റിമാന്റ് കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ദിലീപിനെ നാളെ കോടതിയില്‍ ഹാജരാക്കും. ദിലീപിനെ കേസ് നടക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്യും. 14 ദിവസമായി ദിലീപ് ആലുവ സബ്ജയിലില്‍ കഴിയുന്നത്.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹര്‍ജിയില്‍ ഇരു വിഭാഗത്തിന്റേയും വാദം പൂര്‍ത്തിയാക്കിയാണ് കേസ് വിധിപറയാന്‍ മാറ്റിയത്.

പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ചാണ് സിംഗിള്‍ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലായിരുന്നു പ്രതിഭാഗം.

ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും യാതൊരു തെളിവും ദിലീപിനെതിരെ ഇല്ലെന്നുമാണ് അഡ്വ രാംകുമാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Top