ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറിൽ തെളിവുകൾ കൈമാറിയിരുന്നു. ഇക്കാര്യത്തിൽ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയൽ ചെയ്യും. ദിലീപിന്റെ ഫോണിൽ നിന്ന് കോടതി രേഖകൾ കണ്ടെടുത്ത സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങൾക്ക് എങ്ങിനെ ലഭിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഹർജിയിൽ അന്വേഷണസംഘം പറയുന്നു. നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു.

Top