ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയില്‍

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും.

ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിനിമാരംഗത്തെ പ്രമുഖരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദമാണ് ദിലീപ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.

പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ വാദവും ഇന്നുണ്ടാകും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന വാദമാണ് അന്വേഷണസംഘം ഉയര്‍ത്തുക. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.

സിനിമാ നിര്‍മാണവിതരണ മേഖലയില്‍ ദിലീപ് നിര്‍ണായകസ്വാധീനം ഉള്ളയാളാണെന്നും അതുകൊണ്ടു തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.

കഴിഞ്ഞയാഴ്ച ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയിലെത്തിയിരുന്നെങ്കിലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ജൂലൈ പത്തിനായിരുന്നു ദിലീപ് അറസ്റ്റിലായത്.

Top