നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്ത വെള്ളിയാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

ജാമ്യം തേടി രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യതവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആണ് ഈ ഹര്‍ജിയും പരിഗണിച്ചത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി നല്‍കിയിരുന്നത്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായി. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്ത് നല്‍കുകയായിരുന്നു.

ആദ്യ ജാമ്യാപേക്ഷയില്‍ ഗുരുതര പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു ദിലീപിന് ബി രാമന്‍ പിള്ള നല്‍കിയ നിയമോപദേശം. തുടര്‍ന്നാണ് 18 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയിലെ പ്രധാന വാദങ്ങള്‍ ഇവയൊക്കെയാണ് . .

1. സിനിമയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തി.
2. പള്‍സര്‍ സുനിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല
3. ഫെബ്രുവരി 19ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
4. 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായ തന്നെ ഒറ്റരാത്രി കൊണ്ട് അവര്‍ വില്ലനാക്കി.
5. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ മാറി.
6. സിനിമാ രംഗത്തെ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തിലായി. ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്ന പോലെയാണ് സംഘടന കൊണ്ടു നടന്നത്. തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
7. പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല.

ഡി.ജി.പിക്കും ശ്രീകുമാര്‍ മേനോനും എതിരെ ആരോപണങ്ങള്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിങ്ങനെ: ഏപ്രില്‍ 10ന് വൈകിട്ട് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നാദിര്‍ഷയെ വിഷ്ണു എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയാന്‍ സിനിമാ രംഗത്തെ ചിലര്‍ സുനിയെ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞാണ് ഫോണ്‍ വിളിച്ചത്.

രണ്ടു നടന്‍മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകന്റെയും പേരു പറഞ്ഞു. ഇതു റെക്കാഡ് ചെയ്ത നാദിര്‍ഷ തനിക്ക് അയച്ചു നല്‍കി. അന്നു തന്നെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. മാത്രമല്ല, വോയ്‌സ് ക്‌ളിപ്പ് വാട്ട്‌സ് ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കിനിടെ അപ്പുണ്ണിക്ക് വന്നതടക്കമുള്ള ഫോണ്‍ കാളുകളുടെ വിവരങ്ങള്‍ ഏപ്രില്‍ 18, 20, 21 തീയതികളില്‍ ഡി.ജി.പിയെ വിളിച്ച് അറിയിച്ചു. വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ നല്‍കുകയും ചെയ്തു.

ഏപ്രില്‍ 16ന് ‘പ്രൊഫ. ഡിങ്കന്‍’ എന്ന തന്റെ ചിത്രത്തിന്റെ പൂജാചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡി.ജി.പിയോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പരാതി എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 20ന് അളിയനായ സൂരജ് മുഖേന ഇ മെയില്‍ പരാതി നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവായ രഞ്ജിത്ത് മുഖേന രേഖാമൂലമുള്ള പരാതിയും ഡി.ജി.പിക്കു നല്‍കി. ഡി.ജി.പി തന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സന്ധ്യയ്‌ക്കെതിരെയും ആരോപണം

ആദ്യം തന്നെ ബ്‌ളാക്ക് മെയില്‍ ഭീഷണിയുണ്ടായിട്ടും ഏപ്രില്‍ 22 നാണ് ദിലീപ് പരാതി നല്‍കിയതെന്ന് നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നടിയുമായി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയ്ക്ക് അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിന് അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചോദ്യം ചെയ്യലിനിടെ കാമറ ഓഫാക്കി

തന്നെ ചോദ്യം ചെയ്തപ്പോള്‍ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്റെ ജീവിതത്തിലുള്ള പ്രതിനായക വേഷത്തെക്കുറിച്ച് വിശദമായി പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീകുമാര്‍ മേനോനു ബന്ധമുണ്ടെന്ന സംശയത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ വിശദീകരിച്ചിരുന്നു. ഈ നേരമത്രയും ചോദ്യം ചെയ്യല്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ കാമറ ഓഫായെന്ന് കണ്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരുടെ പ്രതികരണം സംശയാസ്പദമായിരുന്നു.

വന്‍കിട മാദ്ധ്യമ കോര്‍പറേറ്റുകളുമായി ഉള്‍പ്പെടെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഒരുപാടു വ്യവസായ ബന്ധങ്ങളുള്ള ശ്രീകുമാര്‍ മേനോനു തന്നോടു ശത്രുതയുണ്ട്. സമരം പരാജയപ്പെട്ടതോടെ ലിബര്‍ട്ടി ബഷീറും തനിക്കെതിരെ തിരിഞ്ഞെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

Top