കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റിയത്. അല്‍പസമയത്തിനകം ദിലീപിനെ കോടതിയില്‍ ഹാജരാക്കും
ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപ് നടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സോഷ്യല്‍ മീഡിയയില്‍ ദിലീപിനായി പിആര്‍ വര്‍ക്ക് നടക്കുന്നു. അപ്പുണ്ണിയും പ്രതീഷ് ചാക്കോയും ഒളിവിലായതിനാല്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
അതേസമയം കേസില്‍ ദിലീപ് നിരപരാധിയാണെന്നും പ്രതിക്കെതിരെ തെളിവൊന്നും തന്നെയില്ലെന്നും അഡ്വ രാംകുമാര്‍ വാദിച്ചു. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. മൊബൈല്‍ ഫോണ്‍ ആരാണ് ജയിയിലെത്തിച്ചതെന്ന് അന്വേഷിക്കണമെന്നും പൊതുവികാരം അനുസരിച്ച് ജാമ്യം നിഷേധിക്കരുതെന്നും രാംകുമാര്‍ വാദിച്ചു.
മാധ്യമങ്ങള്‍ ജഡ്ജിമാരാകുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസിനെ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ദിലീപ് ഉപയോഗിച്ച ഫോണുകളാണ് മുദ്രവച്ച കവറുകളില്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.