കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍.
അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ് ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇപ്പോള്‍ ദിലീപ്.
ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ക്രിമിനലായ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമൂഹം അംഗീകരിക്കുന്ന നടനെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അഭിഭാഷകരുടെ വാദം.
ഹൈക്കോടതി കേസ് ഡയറി അടക്കം വിളിച്ചുവരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. ഈ സാഹചര്യം മുന്നില്‍ കണ്ട് കേസ് ഡയറിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം.