ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകള്‍ നടന്നത്. ഇതില്‍ ദിലീപിന്റെ വീട്ടിലെ റെയ്ഡ് മാത്രമാണ് പൂര്‍ത്തിയായത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാല്‍ തോക്ക് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിലവില്‍ ലഭിച്ച വിവരം.

ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തി.

Top