കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 21 ലേക്ക് മാറ്റി. വിചാരണ വൈകിപ്പിക്കണമെന്ന ദിലീപിന്റെ ആവശ്യത്തോട് ഹൈക്കോടതി അനുകൂലമായല്ല പ്രതികരിച്ചത്. വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വിചാരണ വൈകിപ്പിക്കുന്നതിന് താല്‍പര്യമില്ലെന്നായിരുന്നു കോടതി പരാമര്‍ശിച്ചത്.
വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരുന്നത്. കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണു ദിലീപ് കോടതിയെ സമീപിച്ചത്.
മെബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ദിലീപ് സമീപിച്ചിരുന്നെങ്കിലും ഈ ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കേണ്ടതു പ്രതിയെന്ന നിലയില്‍ തന്റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
സിആര്‍പിസി 207 പ്രകാരം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകള്‍ക്കും പ്രതിക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളോ, നിബന്ധനകളോ കൊണ്ടുവരാന്‍ കോടതിക്ക് അധികാരമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മെബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ വിട്ടുകിട്ടിയാല്‍ മാത്രമെ തനിക്ക് തന്റെ ഭാഗങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ സാധിക്കു. അതിനും പുറമെ മറ്റ് ചില രേഖകളും തനിക്ക് ലഭിക്കാനുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.