കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് പരിഗണിച്ച് നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ ദിലീപിന്റെ ഓണം ജയിലില്‍ തന്നെയെന്ന് ഉറപ്പായി.
ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദമാണ് ദിലീപിന് തിരിച്ചടിയായത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ബുദ്ധികേന്ദ്രം തന്നെ ദിലീപാണെന്നും 219 തെളിവുകള്‍ നിലവില്‍ താരത്തിനെതിരെ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷനും അറിയിച്ചു.
കാവ്യാ മാധവനുമായി സുനില്‍കുമാറിനുളള പരിചയവും അടുപ്പവും വരെ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു. സിനിമാമേഖലയെ നിയന്ത്രിക്കുന്ന ദിലീപിന് ജാമ്യം നല്‍കി പുറത്തുവിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും ബോധിപ്പിച്ചിരുന്നു.
മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകളില്‍ ചില സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് സൂചന. ഇതും നടന് വിനയായി.
കേസിന്റെ മെറിറ്റിലേക്ക് പോവാതിരുന്ന കോടതി പ്രതിക്ക് ജാമ്യം നല്‍കുന്ന കാര്യം മാത്രമാണ് പരിഗണിച്ചത്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബെല്‍ ഫോണ്‍ അടക്കം ഇനിയും ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
ഈ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി തന്റെ അഭിഭാഷകന് നല്‍കിയിരുന്നുവെന്നും അത് നശിപ്പിച്ചെന്നുമായിരുന്നു അഭിഭാഷകന്‍ തന്നെ പൊലീസിന് നല്‍കിയിരുന്ന മൊഴി.
എന്നാല്‍ ഈ മൊഴി ‘വിശ്വാസ’ത്തിലെടുക്കാതെ ഫോണ്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട് എന്ന് പൊലീസ് പറയുന്നത് ദിലീപിന് ഒരിക്കലും ജാമ്യം കിട്ടാതിരിക്കാന്‍ വേണ്ടിയാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന്റെ മുന്നില്‍ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പോം വഴി.
അതല്ലങ്കില്‍ ഓണം അവധിക്കു ശേഷം ഹൈക്കോടതി ബെഞ്ചുകള്‍ മാറുന്ന സഹചര്യത്തില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവും.
അതെന്തായാലും താരത്തിന്റെ ഇത്തവണത്തെ ഓണം ജയിലിലാകുമെന്ന കാര്യം ഉറപ്പാണ്.
ഇതിനിടെ ഇനി ഒരിക്കല്‍ കൂടി ദിലീപ് ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിക്കും മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അങ്ങനെ വന്നാല്‍ വിചാരണ പൂര്‍ത്തിയാകും വരെ ദിലീപ് അകത്ത് കിടക്കേണ്ടി വരും വര്‍ഷങ്ങളോളം.
ഇനി മറ്റ് എന്തൊക്കെ ‘പാപ’ കറകളാണ് ദിലീപിന് മുന്നില്‍ അന്വേഷണ സംഘം ചാര്‍ത്താനിരിക്കുന്നത് എന്നത് മാത്രമേ ഇനി അറിയാനുള്ളൂ.
ബലാത്സംഗ കേസില്‍ ദിലീപിനു ശേഷം അറസ്റ്റിലായ എം.എല്‍.എക്ക് തിരുവനന്തപുരം ജില്ലാ കോടതി അടുത്തയിടെ ജാമ്യം നല്‍കിയിരുന്നു.
ഇവിടെ ആക്രമിക്കപ്പെട്ട നടി പോലും ദിലീപിനെതിരെ മൊഴി നല്‍കിയിരുന്നില്ലങ്കിലും അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുരുക്കാനുള്ള എല്ലാ ‘വിഭവങ്ങളും’ ഉള്‍പ്പെടുത്തിയിരുന്നു.
അന്വേഷണ സംഘത്തലവന്‍ പോലുമറിയാതെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി തന്നെ മന:പൂര്‍വ്വം കുരുക്കുകയായിരുന്നു വെന്നാണ് ദിലീപിന്റെ ആരോപണം.
ഇതിനായി ‘തെളിവുകള്‍’ സംഘടിപ്പിക്കുകയായിരുന്നുവത്രെ.
അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ദിലീപിന്റെ അമ്മ നല്‍കിയ പരാതിയില്‍ തീരുമാനമുണ്ടായില്ലങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതേ സമയം അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകള്‍ എല്ലാം വിചാരണ വേളയില്‍ തള്ളിപോകുമെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
തല്‍ക്കാലം ജാമ്യം നിഷേധിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഈ റിപ്പോര്‍ട്ട് ഗുണം ചെയ്തുവെങ്കിലും ആത്യന്തികമായി ദിലീപ് നിരപരാധിയായി പുറത്തുവരുമെന്ന് തന്നെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ബലാത്സംഗ കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട കോവളം എം.എല്‍.എ വിന്‍സെന്റിന് ജില്ലാകോടതി ജാമ്യം അനുവദിച്ചിരിക്കെയാണ് സ്ത്രീപീഢനത്തിന് ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ദിലീപിന് ജാമ്യം നിഷേധിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി, സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് നല്‍കുകയായിരുന്നു.