തിരുവനന്തപുരം: മന്ത്രി കെ.കെ.ഷൈലജയുമായി വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
ബീന പോളും വിധു വിൻസൻറുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ദിലീപ് വിഷയത്തിൽ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം പരസ്യ നിലപാട് സ്വീകരിച്ചതിൻറെ കാരണവും വിശദാംശങ്ങളും മന്ത്രിയെ ബോധ്യപ്പെടുത്തുവാനാണ് കൂടിക്കാഴ്ച നടത്തിയത്.
വിഷയത്തിൽ സർക്കാരിൻറെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു വെന്നാണ് സൂചന.
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയായിരുന്നു ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞിരുന്നു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞു.
കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നും പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.