ഡേവിഡ് ജെയിംസിനെതിരെ വിമര്‍ശനവുമായി ബെര്‍ബറ്റോവ് ; പ്രതികരണവുമായി ചോപ്രയും ഹ്യൂമും

DAVID JAMES

കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്. ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നഷ്ടപ്പെട്ടതാണ് വിമര്‍ശനത്തിന് കാരണം. ‘താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ്’ എന്നാണ് ബെര്‍ബറ്റോവ് വിമര്‍ശിച്ചിരിക്കുന്നത്.

ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ശേഷം ബള്‍ഗേറിയയിലേയ്ക്ക് തിരിച്ച് പോകുന്നതിനിടയില്‍ വിമാനത്തിനുള്ളില്‍ വെച്ച് എടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ബെര്‍ബറ്റോവിന്റെ വിമര്‍ശനം.

ഡേവിഡ് ജെയിംസിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അറിയില്ലെന്നും സ്‌ട്രൈക്കറുടെ നെഞ്ചിലേക്ക് പന്ത് ചിപ്പ് ചെയ്തു കൊടുക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഏതെങ്കിലും കോച്ച് നല്‍കുമോ എന്നും ബെര്‍ബറ്റോവ് പരിഹസിക്കുന്നു. ഇതുപോലെ ആരാണ് കളിക്കുകയെന്നും ബെര്‍ബറ്റോവ് ചോദിക്കുന്നു.


വിമര്‍ശനത്തിന് പിന്നാലെ അഭിപ്രായ പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമും രംഗത്തെത്തി. ബെര്‍ബ പറയുന്നത് സത്യമാകുമെന്നാണ് ചോപ്രയുടെ വാദം. അതോടൊപ്പം കളിക്കാരുടെ സ്‌ട്രെങ്ങ്ത്തിന് അനുസരിച്ച് ടാക്റ്റിക്‌സ് മാറ്റണമെന്നും ബെര്‍ബ മികവിലേക്ക് ഉയരാത്തത് ടാക്റ്റിക്‌സിലെ പോരായ്മ കൊണ്ടാണെന്നും ചോപ്ര പറഞ്ഞു.

ബെര്‍ബറ്റോവിനെതിരെയാണ് ഇയാന്‍ ഹ്യൂമിന്റെ പ്രതികരണം. നിങ്ങള്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുകയെന്നാണ് ഹ്യൂം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആരേയും വിഷമിപ്പിക്കാനല്ല ഇങ്ങനെ പറഞ്ഞതെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി അനാവശ്യമായ പിഴവുകളുണ്ടാക്കാനാണ് ചിലര്‍ ശ്രമക്കുന്നതെന്നും അത് ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണെന്നും ഹ്യൂം ട്വീറ്റ് ചെയ്തു.

അതേസമയം ഐഎസ്എല്‍ ക്ലബ്ബുകളും ഐ ലീഗ് ക്ലബ്ബുകളും അണിനിരിക്കുന്ന സൂപ്പര്‍ കപ്പില്‍ ബൂട്ടണിയാന്‍ ബെര്‍ബറ്റോവ് ഉണ്ടാകില്ലെന്നാണ് സൂചന. ബര്‍ബറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് മുന്‍ പരിശീലകന്‍ മ്യൂലന്‍സ്റ്റീനാണ്. എന്നാല്‍, റെനെ മ്യൂലന്‍സ്റ്റീന്റെ മോശം പ്രകടനം മൂലം അദ്ദേഹത്തെ പുറത്താക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്ത് നിയമിച്ചത്.

Top