കൊച്ചി: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ വെച്ച് നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവമാണ് ഇപ്പോൾ മാധ്യമങ്ങളിലടക്കം കത്തികയറുന്നത്. മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ സാധിക്കില്ലെന്ന് പരിപാടിയ്ക്ക് എത്തിയ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ നിരവധി പേർ നടനെ അനുകൂലിച്ചും സംവിധായകനെ വിമർശിച്ചും രംഗത്ത് വന്നിരുന്നു.
ഇപ്പോൾ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതായി ദിനു വെയിൽ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, അനിൽ രാധാകൃഷ്ണൻ മേനോൻ, യൂണിയൻ ചെയർമാൻ എന്നിവരെ എതിർകക്ഷികളാക്കി ദിനു നൽകിയ പരാതിയിൻ മേലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിനു ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആക്റ്റർ ബിനീഷ് ബാസ്റ്റിനുനേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം തന്നെയാണ് . അന്തസ്സോടയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നും ദിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.