റിയോ ഡി ജനീറോ: ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറിയ ദീപ കര്‍മാകര്‍ ചരിത്രം കുറിച്ചു. ബ്രസീലിലെ റിയോഡി ജനീ റോയില്‍ നടക്കുന്ന യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റ് സ്‌കോര്‍ ചെയ്താണ് തൃപുര സ്വദേശിയായ 22കാരി റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്.
52 വര്‍ഷത്തിന് ശേഷമാണ് പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്സ് ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ജിംനാസ്റ്റിക്സ് ആണ് ദീപ യോഗ്യത നേടിയ കാര്യം വ്യക്തമാക്കിയത്.
സ്വാതന്ത്ര്യത്തിന് ശേഷം 11 ഇന്ത്യന്‍ പുരുഷ ജിംനാസ്റ്റിക്സ് താരങ്ങളാണ് ഒളിമ്പികിസില്‍ പങ്കെടുത്തത്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ രണ്ട് പേരും 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ മൂന്ന് പേരും 1964ലെ ടോക്കിയോ ഒളിമ്പിക്സില്‍ ആറ് പേരുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
64ന് ശേഷം ഇതുവരെ ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയിട്ടുമില്ല. 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപ വെങ്കലം നേടിയിരുന്നു. നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ദീപ പങ്കെടുത്തിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു ദീപ കര്‍മാകര്‍.